Wednesday 10 October 2007

മോഹഭംഗം

മാനത്ത് പൂര്‍ണ്ണചന്ദ്രന്‍ വിടരുന്നത് എനിക്കുവേണ്ടി മാത്രമാണെന്ന് ഞാനാശിച്ചു. പൂവുകള്‍ വിടരുന്നതും, നിലാവുദിക്കുന്നതും, കുയിലുകള്‍ പാടുന്നതും, എല്ലാം, എല്ലാം എനിക്കുവേണ്ടി മാത്രമാണെന്ന് ഞാനാശിച്ചു.

മോഹങ്ങലെയെല്ലാം തേങ്ങലുകലാക്കി, വിടര്‍ന്ന പൂക്കളെല്ലാം കൊഴിഞ്ഞു. പൌര്‍ണമിയെ തോല്‍‌പിച്ച് ഒരുനാള്‍ അമാവാസിയും.....

ഇവിടെ എന്‍റെ മോഹങ്ങളെല്ലാം പൊട്ടിയ കണ്ണാടിചില്ല്കളായി.

നൊമ്പരം

പറഞ്ഞില്ലയെങ്കിലും അറിഞ്ഞിരുന്നു
ഞാന്‍ നിന്‍റെ മനസ്സിലെ പ്രണയത്തിന്‍ ലോലഭാവം.
കാണാത്ത നേരത്തും എന്നെന്നും നീയെന്‍റെ
മനസ്സിലെ ചിത്രത്തില്‍ നിറം പകര്‍ന്നു.
പൂക്കാലം കൊഴിഞ്ഞു പോയ് രാത്രിമഴ തോര്‍നുപോയ്‌
പറയാതെ പോയ ദിനരാത്രങ്ങളില്‍
നാം ഒരുമുഖം മാത്രം വരച്ചു ചേര്‍ത്തു.
സിന്ദൂരസൂര്യന്റെ മടങ്ങാത്ത യാത്രകളില്‍
നമ്മളെന്നോ വേര്‍പിരിഞ്ഞു.
പാടാതെ പോയ ഈണങ്ങളില്‍ നാം
എന്നേക്കും എന്നേക്കും അലിഞ്ഞു ചേര്‍ന്നു.

അനശ്വരെ....നീ

ഒടുവിലീ ഏകാന്തരാവില്‍ ഞാനെന്‍റെ
പ്രണയിനീ നിന്നെ ഓര്‍ത്തിരുന്നു.
മൊട്ടിട്ട പ്രണയവും, സങ്കല്‍പ്പതീരവും,
വിരിയുന്ന പൂക്കളും, കാറ്റിന്‍റെ ഗന്ധവും
നമ്മുടെതായിരുന്നു.
ഒരു കിനാചിറക്ഏറി നാം തുടരുന്ന യാത്രയില്‍
കാലാന്തരത്തിന്റെ ഓര്‍മ്മ മാത്രം.
ഒടുവിലീ ഏകാന്ത രാവില്‍ ഞാനെന്‍റെ
പ്രണയിനീ നിന്നെ ഓര്‍ത്തിരുന്നു.
അറിയുന്നു ഞാനെന്‍റെ ആകശസൌധങ്ങള്‍
താഴെ തകര്‍ന്നടിയുന്നു.
അറിയുക നീയെന്‍റെ പ്രിയസഖി, ഞാനിന്നും
തുടരുന്നു നമ്മുടെ ഈ യാത്ര.

എന്‍റെ മഞ്ഞുതുള്ളിക്ക്

ചിരിക്കാന്‍ മാത്രമറിയുന്ന എന്റെ നക്ഷത്രങ്ങളെ, നിങ്ങള്‍ സംസാരിച്ചിരുന്നെങ്കില്‍ എന്റെ ഏകാന്തത തീരുമായിരുന്നു. ഇളം തെന്നലില്‍ കളിയാടുന്ന പൂക്കളെ നിങ്ങള്‍ പാട്‌മായിരുന്നെങ്കില്‍ ഈ ഏകാന്തതയിലും ഞാന്‍ സന്തോഷിക്കുമായിരുന്നു.പക്ഷെ, ഇവയോന്നുമില്ലെന്കിലും പലപ്പോഴും അവളുടെ കരസ്പര്‍ശം ഞാനറിയുന്നു. അറിഞ്ഞിരുന്നില്ല ഞാന്‍ നീയെന്നെ സ്നേഹിച്ചിരുന്നത്.

ജന്മാന്തരങ്ങളുടെ ഊടുവഴികളിലെവിടെയോ വച്ച് കണ്ടുമുട്ടി, പരസ്പരം കലഹിച്ചു, പ്രണയിച്ചു, ഒടുവില്‍ വിധിയുടെ അനിവാര്യമായ വേര്‍പ്പെടലിന്റെ ഈ വേളയില്‍..... ഇനി ഒരിക്കലും കാണില്ലെന്നറിയാം, എങ്കിലും ഈ അവസാന നിമിഷത്തില്‍ ഒരു വാക്ക്,

"ഇഷ്ട്ടമായിരുന്നു ഒരുപാടൊരുപാട്"

നിന്‍റെ ഓര്‍മ്മയ്ക്ക്‌- നിനക്കായ്‌

കളകളം പാടിയൊഴുകുന്ന പുഴകലോടും, കാറ്റിനോട് കിന്നാരം ചൊല്ലുന്ന മുളകലോടും, മന്ദമാരുതനില്‍ പുഞ്ചിരി തൂകി നൃത്തം ചെയ്യുന്ന പൂക്കളോടും ഞാനിതാ യാത്രാമൊഴി ചൊല്ലുന്നു. ഇനിയെനിക്ക് ബാക്കിയുള്ളത് ഏതാനും നിമിഷങ്ങള്‍ മാത്രം. ഇവിടെയുള്ളതെല്ലാം ഇനിമുതല്‍ എനിക്കന്ന്യമാണ്. ഇനി ഞാന്‍ വിജനതയിലേക്ക് യാത്രയാകുന്നു. അതെ, വര്‍ണ്ണങ്ങളുടെ ഈ ലോകത്ത് നിന്നും എനിക്കുമാത്രം അനുവദിക്കപ്പെട്ടിട്ടുള്ള അനിവാര്യമായ ഒരു യാത്ര.

എനിക്കനുവടിക്കപ്പെട്ടിട്ടുള്ള സമയം ഇവിടെ അവസാനിക്കുന്നു. വേനല്‍മഴ പോലെ എന്‍റെ മനസ്സിലേക്ക് പെയ്തിറങ്ങുകയായിരുന്നില്ലേ, എന്തിനായിരുന്നു. എന്‍റെ ജീവന്‍റെ അനിവാര്യതയാവുകയായിരുന്നില്ലേ, എന്തിനായിരുന്നു. പക്ഷെ ഇപ്പോള്‍, വിട....എന്നെന്നേക്കുമായി.